Hero Image

പൊലീസ് സുരക്ഷയിൽ പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് ഇന്നുമുതൽ പൊലീസ് സുരക്ഷയിൽ നടത്തും. സ്ലോട്ട് ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. തീയതി ലഭിച്ച ഉദ്യോഗാർത്ഥികൾ സ്വന്തം വാഹനവുമായി എത്താനാണു നിർദേശം.

ഒരുദിവസം നടത്തുന്ന പരമാവധി ടെസ്റ്റുകളാണ് അനുവദിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലങ്ങള്‍ ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം.

സ്ലോട്ട് ഹൈക്കോടതി ഉത്തരവ് മാനിക്കണമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ നിര്‍ദേശിച്ചു. ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ടെസ്റ്റ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും നിർദേശത്തിൽ പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം. പരിഷ്കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം.

ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഡ്രൈവിങ് സ്കൂളുകാരുടെയും ജീവനക്കാരുടെയും എതിര്‍പ്പുകാരണം വ്യാഴാഴ്ചയും ടെസ്റ്റ് മുടങ്ങിയിരുന്നു. മേയ് രണ്ടു മുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടന്നിട്ടില്ല.

READ ON APP